Wednesday, February 16, 2011

കവിതാവിചാരം

1

ഈ മണ്ണില്‍ച്ചേര്‍ന്നിടുംമു,മ്പുടയവര്‍ കവിതാസ്വാദകര്‍ക്കായ്, മരിച്ചോ-

രയ്യപ്പന്‍ കാത്തുനില്‍ക്കേ, കശപിശബഹളം വെച്ചതാം കൂട്ടരോടും,

എമ്മേ ബേബിക്കുനേരേ,യവര്‍കള്‍ ഭരണമാളുംവകുപ്പിന്നുനേരേ

ചുമ്മാ വക്കാണമുണ്ടാക്കിയ ജനമവരോടും പൊറുത്തീടണം നാം

2

വൃത്തത്തിലൊറ്റവരി നേര്‍ക്കു കുറിച്ചിടാനായ്-

പറ്റാത്തവര്‍ കവികളെന്നു ഞെളിഞ്ഞിടുന്നൂ”

ഇന്നും നിരൂപകര്‍ ചിലര്‍ക്കു പരാതിയുണ്ടേല്‍

അയ്യേ’ നിനച്ച് ചിരിതൂകുക! വേണ്ട തര്‍ക്കം

3

ഇവനെഴുതിയതൊക്കെയൊന്നുപോലെ’

സ്ഥിരമിതുകേട്ടു വരുന്നതാം വിമര്‍ശം.

ഒരുവനൊരുതരത്തിലേ രചിക്കാന്‍

കഴിയുകയെന്നു ധരിക്ക! യെന്തുചെയ്യാന്‍ ?

4

പാട്ടിനല്ലാ, കവിതയ്ക്കു തന്നല്ലേ

ജ്ഞാനപീഠം കൊടുത്തതെന്നും ചിലര്‍

ജ്ഞാനം ഓയെന്‍വീക്കെങ്കില്‍ കൊടുക്കേണം

പീഠം സച്ചിദാനന്ദനെ’ന്നും ചിലര്‍ !

5

സച്ചിദാനന്ദന്‍ പുഴങ്കര-ഭാവിയില്‍

കൊച്ചു മകളുണ്ടായീടുന്നേരം

കുട്ടിയെക്കാണുവാനെത്തും, കവികള്‍തന്‍

കൂട്ടുകുടുംബത്തെയോര്‍ത്തും കൊണ്ട്

ചൊല്ലും വരികള്‍ കേള്‍ക്കുമ്പോളെന്നുള്ളത്തില്‍

നല്ല സന്തോഷം നിറഞ്ഞീടുന്നു.

6

പഴയകവി ,പുതിയ കവി

പാട്ടുകവി, പൊട്ടക്കവി എന്നിങ്ങനെ

ചേരിതിരിഞ്ഞ് തമ്മിലടിക്കാതെ
കവികള്‍
സഹാനുഭൂതിയോടെ

കവിതകള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

-(2011 ഫെബ്രുവരി, ഭാഷാപോഷിണി)