Friday, September 25, 2009

“അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറുവർ‍ഷങ്ങൾ”-കവിതാ സമാഹാരം


BookRelease
BOOK COVER
സുഹൃത്തുക്കളേ....
“അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറുവർഷങ്ങൾ” എന്ന എന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനം, ഒക്ടോബര്‍ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വച്ച്, ആറ്റൂർ രവിവർമ്മ, എ.സി. ശ്രീഹരിക്ക് പുസ്തകം നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു. തെരഞ്ഞെടുത്ത 46 കവിതകളുടെ ഈ സമാഹാരം പുറത്തിറക്കുന്നത് തൃശൂ‍ർ കറന്റ് ബുക്സ് ആണ്. എഴുത്തിന് പ്രോത്സാഹനം നല്‍കിയ എല്ലാവർക്കും നന്ദി.

ചെറുപ്പത്തിൽ അക്ഷരശ്ലോകത്തിനു വേണ്ടി ശ്ലോകങ്ങൾ സ്വന്തമായി ഉണ്ടാക്കിക്കൊണ്ടായിരുന്നു എഴുത്തിന്റെ ലോകത്തേക്ക് കടന്നു വന്നത്. കണ്ണൂർ എസ്.എൻ കോളേജിൽ ബി.എസ്.സിക്കു ചേർന്നതു മുതലാണ് വൃത്തത്തിൽ നിന്നും രക്ഷപ്പെടണമെന്ന് ആഗ്രഹം തോന്നിയത്. നാലുവരി കവിതകളായിരുന്നു അന്നൊക്കെ എഴുതിയിരുന്നത്. 2000-ൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ വെച്ചുനടന്ന കണ്ണൂർ യൂനിവേഴ്സിറ്റി കേമ്പിൽ വെച്ച് പി.രാമൻ, റഫീക്ക് അഹമ്മദ് എന്നിവരെ കവിതകൾ കാണിക്കുകയും പി.രാമൻ ‘കവിതക്കൊരിട’ത്തിൽ കവിതകൾ അയക്കാനുള്ള വിലാസം തരികയും ചെയ്തു. എന്റെ കവിത ആദ്യമായി പ്രസിദ്ധീകരിച്ചു വന്നത് 2002-ൽ കവിതക്കൊരിടത്തിൽ ആയിരുന്നു. അടിമ പറഞ്ഞത്, ഒരു വിലാപം എന്നീ കവിതകൾ ആയിരുന്നു പ്രസിദ്ധീകരിച്ചത്. ആ വർഷം കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ കവിതാരചനക്ക് ‘യാത്ര’ എന്ന വിഷയം വന്നപ്പോൾ മുമ്പെഴുതിയ പല നാലുവരിക്കവിതകളും, ചില മാറ്റങ്ങൾ വരുത്തി കൂട്ടിവെച്ച് ഉണ്ടാക്കിയ ചിലയാത്രകൾ ‍ക്ക് ഒന്നാം സ്ഥാനം കിട്ടി. അതേ വര്‍ഷം തന്നെ യൂനിവേഴ്സിറ്റിയില്‍ നിന്നും കെമിസ്ട്രിക്ക് ഒന്നാം റാങ്കും കിട്ടി. ഡി.വൈ.എഫ്.ഐ നടത്തിയ അനുമോദനസമ്മേളനത്തിൽ വെച്ച് ഉപഹാരം നൽകിയ ദേശാഭിമാനിയിലെ എ.വി.അനിൽകുമാറിന് എന്റെ സമ്മാനാർഹമായ കവിത നൽകുകയും അത് ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ 2003- ജനുവരിയിൽ അച്ചടിച്ചു വരികയും ചെയ്തു. എന്തുകൊണ്ടാണെന്നറിയില്ല,അതിനുശേഷം കവിതയുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു,2007 വരെ.
2007 മാർച്ചു മാസം കൊറിയയിൽ ടി.പി.വിനോദിന്റെ വീട്ടിൽ വച്ചുനടന്ന ഒരു ചർച്ചയിലാണ് പണ്ട് ‘കവിതക്കൊരിട’ത്തിൽ പ്രസിദ്ധീകരിച്ച ‘അടിമ പറഞ്ഞത്’ എന്ന കവിതയെപ്പറ്റി വിനോദ് ഓർമ്മിച്ചത്. കവിതക്കൊരിടം ഞാൻ ഇതു വരെ കണ്ടിരുന്നില്ല. അതിന്റെ പ്രകാശനം കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ വെച്ചായിരുന്നു. 2002-ൽ ബി.എസ്.സിക്കു പഠിക്കുന്ന സമയം, പ്രകാശനത്തിന് ക്ഷണിച്ചുകൊണ്ട് അനിതാതമ്പിയുടെ എഴുത്ത് വരികയും, കണ്ണൂരിൽ നിന്ന് കൊച്ചിയിൽ പോകാനുള്ള പേടി കൊണ്ട് ഞാൻ പരിപാടിയിൽ പങ്കെടുക്കില്ലെന്നും ദയവു ചെയ്ത് മാസിക അയച്ചുതരണമെന്നും പറഞ്ഞ് മറുപടി അയക്കുകയും ചെയ്തു.(കണ്ണൂര്‍ വിട്ട് ഞാന്‍ അതുവരെ ഒറ്റക്ക് യാത്ര ചെയ്തിരുന്നില്ല. പിന്നീട് ഇതേ കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലാണ് എം.എസ്.സിക്ക് ചേര്‍ന്നത് എന്നത് മറ്റൊരു കാര്യം). പക്ഷെ ആ എഴുത്തിന് മറുപടി ഉണ്ടായില്ല.

വിനോദ് ആ കവിതയെ അഭിനന്ദിക്കുകയും എന്നെ ഒരു ബ്ലോഗ് തുടങ്ങാൻ നിർബന്ധിക്കുകയും ചെയ്തു. അങ്ങനെ 2007 മാർച്ച് അവസാനത്തോടെ ഈ ബ്ലോഗിലൂടെയാണ് വീണ്ടും എഴുത്തിൽ സജീവമായത്. പിന്മൊഴി എന്ന കമന്റ് അഗ്രിഗേറ്ററിന്റെ ഉത്സവകാലം ആയിരുന്നു അന്ന്. വായനാസമൂഹത്തിന്റെ എല്ലാ തരത്തിലുള്ള ഇടപെടലുകളേയും നന്ദിയോടെ ഓർമ്മിക്കുന്നു.

ഈ കവിതാ പുസ്തകം സമർപ്പിച്ചിരിക്കുന്നത് ‘കഥ പറഞ്ഞു തന്നവർക്ക്’ ആണ്.
പറഞ്ഞുകേട്ടതോ തൊട്ടറിഞ്ഞതോ ആയ കാര്യങ്ങളാണ് പലപ്പോഴും കവിതക്ക് വിഷയമായിട്ടുള്ളത്. അതാണ് കരുത്തും പരിമിതിയും. കടൂർ എന്ന എന്റെ കൊച്ചു ഗ്രാമവും പരിസരവും വിഷയമാക്കി എഴുതിയ കവിതകൾ; കൊറിയ, ഫ്രാൻസ്, എന്നീ രാജ്യങ്ങളിലെ പ്രവാസ ജീവിതാനുഭവവുമായി ബന്ധപ്പെട്ട കവിതകൾ; രാഷ്ട്രീയം മുഖ്യപ്രമേയമായ കവിതകൾ എന്നിങ്ങനെ 3 ഭാഗങ്ങളായാണ് കവിതകൾ ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ളത്. കവർ രൂപകൽ‌പ്പന ചെയ്തിരിക്കുന്നത് വിനയലാൽ ആണ്.

ഒക്ടോബർ 10ന് തൃശ്ശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വച്ച് നടക്കുന്ന പ്രകാശന ചടങ്ങിൽ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു.
--------------------------------------------------
പ്രകാശന ചടങ്ങിന്റെ വിവരങ്ങൾ:
ജി. ഉഷാകുമാരി സ്വാഗതം പറഞ്ഞു. പി. എൻ. ഗോപീകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് പുസ്തകം, ആറ്റൂർ രവിവർമ്മ, എ.സി.ശ്രീഹരിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. പുസ്തകം അൻവർ അലി പരിചയപ്പെടുത്തി. പി.പി.രാമചന്ദ്രൻ, ശ്രീകുമാർ കരിയാട്, ഫാദർ അബി തോമസ് എന്നിവർ സംസാരിച്ചു. എന്‍.ജി. ഉണ്ണികൃഷ്ണന്‍, കെ.ആർ ടോണി, പി. രാമൻ, സെബാസ്റ്റ്യൻ, സി. ആർ. പരമേശ്വരൻ, വി.കെ സുബൈദ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സുബൈദ ടീച്ചർ അവരുടെ ഇരുപതോളം വിദ്യാർത്ഥികളുമായാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. രാഗേഷ് കുറുമാൻ, കൈതമുള്ള്, കുട്ടൻ മേനോൻ എന്നിവർ സദസ്സിൽ ഉണ്ടായിരുന്നു. പരിപാടിയുടെ തുടക്കം മുതലുള്ള എല്ലാ സജ്ജീകരണങ്ങളും ഉമേച്ചിയുടെ നേതൃത്വത്തിൽ ആയിരുന്നു നടന്നത്. ജ്യോനവന്റെ സ്മരണയ്ക്ക് മുന്നിൽസമർപ്പിച്ച ചടങ്ങിൽ വിഷ്ണുപ്രസാദ് ജ്യോനവന്റെ കവിത ചൊല്ലി. വിഷ്ണുപ്രസാദ്, സെറീന, അജീഷ് ദാസൻ, സുനിൽ കുമാർ.എം.എസ്, കലേഷ്. എസ്, അനീഷ്.പി.എ, സുധീഷ് കോട്ടേമ്പ്രം, ശൈലൻ, എന്നിവർ കവിതകൾ ചൊല്ലി. ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ സനാതനന്റെ കവിത വിഷ്ണുമാഷ് വായിച്ചു. അനീഷ് (നൊമാദ്), കവിത ചൊല്ലിയില്ലെങ്കിലും ചടങ്ങിന്റെ പടങ്ങൾ എടുക്കുന്നതിൽ വ്യാപൃതനായിരുന്നു.
അവസാനമായി ഞാൻ കവിതകൾ ചൊല്ലുകയും നന്ദി പറയുകയും ചെയ്തു.

Friday, July 31, 2009

ഡില്‍ഡോ-വി.എം.ദേവദാസിന്റെ നോവല്‍

ഒരു നോവല്‍ വായിച്ചിട്ട് കുറേ കാലമായി. വായിച്ചു തീര്‍ക്കാനുള്ള ക്ഷമയില്ലാത്തതാണ് പ്രധാന കാരണം. കഥ എഴുതണം എന്നു വിചാരിച്ചിരുന്ന ആശയങ്ങളെല്ലാം ചുളുവില്‍ കവിതയായിപ്പോയതിന്റെ കാരണവും ഈ ക്ഷമയില്ലായ്മ ആണ്. വളരെ നാളുകള്‍ക്കു ശേഷം വായിച്ച നോവല്‍ ആയിരുന്നു ഡില്‍ഡോ. വളരെ വേഗം വായിച്ചുതീര്‍ത്തു. ആദ്യത്തെ ഡില്‍ഡോ കണ്ടെത്തിയ നാട്ടില്‍ നിന്നാണ് ഈ കുറിപ്പ് എഴുതുന്നതെന്നതില്‍ സന്തോഷമുണ്ട്.:)

അനന്തരം?’ എന്ന ചോദ്യമൊഴിവാക്കാനാണ് കുട്ടിക്കഥകളിലെ കഥാപാത്രങ്ങള്‍ പലപ്പോഴും കൊല്ലപ്പെടുന്നതെന്ന മുന്‍ വാക്കോടെയാണ് ഡില്‍ഡോ എന്ന നോവല്‍ ആരംഭിക്കുന്നത്. ‘മരിച്ചു‘ എന്നു പറയുന്നതിനു പകരം ‘കഥ കഴിഞ്ഞു‘ എന്ന പ്രയോഗം നമുക്കുണ്ടായത് അങ്ങനെയാണ്. കുട്ടികളുടെ ചോദ്യങ്ങളെ കൊല്ലാന്‍ പലപ്പോഴും മുതിര്‍ന്നവര്‍ക്ക് ഇങ്ങനെ പലവഴികളും കണ്ടുപിടിക്കേണ്ടി വരാറുണ്ട്. ‘ഈ വല്ലിയില്‍ നിന്നു ചെമ്മേ/പൂക്കള്‍ പോകുന്നിതാപറന്നമ്മേ’ എന്ന് തുടങ്ങുന്ന കുട്ടിയുടെ കൌതുകത്തില്‍ നിന്നും തുടങ്ങുന്ന ഒരു പാട്ട് അവസാനം ‘നാമിങ്ങറിയുവതല്‍പ്പം/ എല്ലാമോമനേ ദൈവ സങ്കല്‍പ്പം’ എന്നു പറഞ്ഞ് തടിരക്ഷപ്പെടുത്തുന്ന അമ്മയില്‍ ആണ് കുമാരനാശാന്‍ അവസാനിപ്പിക്കുന്നത്.

ഈ നോവലില്‍ തങ്ങളുടെ മരണത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ച് മരിച്ചവര്‍ സംസാരിക്കുന്നു. മരിച്ചതിനു ശേഷവും കഥ കഴിയുന്നില്ല എന്ന് നമുക്ക് മനസ്സിലാകുന്നു.

അനന്തരം എന്ന ചോദ്യമുയര്‍ത്തുന്ന ആകാംക്ഷയും അന്വേഷണവും നോവലിന്റെ അവസാനം വരെ കാത്തുസൂക്ഷിക്കാന്‍ ദേവദാസിനു കഴിഞ്ഞു എന്നത് അഭിനന്ദനീയം തന്നെ.
ഒരു പാഠപുസ്തകത്തിന്റെ സൂക്ഷ്മാംശങ്ങള്‍ തന്മയത്വത്തോടെ സന്നിവേശിപ്പിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍. ലൈംഗികവിദ്യാഭ്യാസമെന്ന് കേള്‍ക്കുമ്പോള്‍ കലിയിളകുന്ന യാഥാസ്ഥിതികരുടെ എണ്ണം, നമ്മുടെ നാട്ടില്‍ ചെറുതല്ലെന്ന് പാഠപുസ്തകസംബന്ധിയായ സമകാലിക വിവാദങ്ങളില്‍ നിന്നും നമുക്ക് മനസ്സിലായതാണ്. ഈയവസരത്തില്‍ ഡില്‍ഡോ എന്ന പാഠപുസ്തകവുമായി കടന്നു വരികയാണ് ദേവദാസ്.

കേരളത്തിലെ വായനാ സമൂഹത്തിനുള്ള ഈ ഉപഹാരം, ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം‘ എന്ന വി.എം.ദേവദാസിന്റെ നോവല്‍, മേതില്‍ രാധാകൃഷ്ണന്റെ അവതാരികയോടെയും, ഉന്മേഷ് ദസ്തക്കിര്‍ രൂപകല്‍പ്പന ചെയ്ത കവറോടു കൂടിയും ആഗസ്റ്റ് 8 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ കേരളസാഹിത്യ അക്കാദമി ഹാളില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ പ്രകാശിപ്പിക്കപ്പെടുന്നു. ടി.പി.വിനോദിന്റെ ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍’ എന്ന കവിതാസമാഹാരത്തിനു ലഭിച്ച അംഗീകാരത്തിന്റെ സംതൃപ്തിയില്‍ നിന്നുകൊണ്ടാണ് ബുക്ക് റിപ്പബ്ലിക്ക് തങ്ങളുടെ രണ്ടാമത്തെ പുസ്തകമായ ഈ നോവല്‍ പുറത്തിറക്കുന്നത്. 65 രൂപയാണ് പുസ്തകത്തിന്റെ വില. കോപ്പികള്‍ ഇവിടെ നിന്നും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

Monday, July 27, 2009

അവധി

ഓണത്തിന് നാട്ടിലേക്ക് പോകുന്നു.

ഇത്തവണ ലീവ് കമ്മിയായതിനാല്‍
ആള്‍ക്കാരുടെ ചോദ്യങ്ങളെ
തീരെ പ്രോത്സാഹിപ്പിക്കേണ്ടെന്നാണ് തീരുമാനം.

എപ്പാ തിരിച്ചു പോക്വാ എന്ന ചോദ്യത്തിന്
തോന്നുമ്പം എന്ന് ഉത്തരം നല്‍കാം.

തടിയൊന്നും ബെച്ചിറ്റില്ലല്ലോ എന്ന് ചോദിക്കുന്നവരോട്
തടിക്കാനല്ല പടിക്കാനാന്ന് പോയത് എന്ന്
ഒച്ച കനപ്പിച്ചു തന്നെ പറയാം.

ഇപ്പോളും പടിപ്പന്ന്യാന്നോ എന്ന ചോദ്യത്തിനു മുന്നില്‍
നിങ്ങക്കെന്തെങ്കിലും നഷ്ടമുണ്ടോ എന്ന് ഒരം പിടിക്കാം.

നിന്റെ പടിപ്പെപ്പാ തീര്വാ എന്നാണ് ചോദ്യമെങ്കില്‍
തീരുമ്പം അറിയിക്കാം, ഫോണ്‍ നമ്പറ് എത്ര്യാ എന്ന്
മറുപടി കൊടുക്കാം.

55-ആം വയസ്സില്‍ പെന്‍ഷന്‍ ആവും.അതു വരെ
പടിക്കാന്‍ തന്ന്യാന്നോ നിന്റെ തീരുമാനം എന്ന ചോദ്യത്തെ
അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായി
അഭിനയിക്കാം.

കല്യാണൊന്നും കയിക്കണ്ടേ എന്ന് ആരെങ്കിലും ചോദിച്ചാല്‍
നിങ്ങളുടെ മോളെ കല്യാണം കയിച്ചു തെരുവോ എന്ന
മറുചോദ്യമാവാം.

എന്ത് നല്ല സൊബാവുള്ള ചെക്കനേനും
ഇപ്പം അഹങ്കാര്യായിപ്പോയി എന്ന വിലയിരുത്തലിന്റെ
ഊര്‍ജ്ജം മതിയാവും
നാട്ടില്‍ നിന്ന് തിരികെവരാന്‍.

Monday, June 22, 2009

കുളി

ദക്ഷിണകൊറിയയില്‍ ദേജിയോണിലെ നീന്തല്‍-
ക്കുളത്തില്‍ പോയീ ഞാനന്നാദ്യമായ്.
നീന്തും മുമ്പ്
കുളിച്ചീടേണം നന്നായ്.
തോര്‍ത്തുമുണ്ടുടുത്തങ്ങു
കുളിമുറിയില്‍ക്കേറീ ചെറുപുഞ്ചിരിയോടെ.

അച്ഛനും മകനു,മമ്മാവനും മരുമോനും
ഏട്ടനുമനിയനും നഗ്നരായ് കുളിക്കുന്നൂ!
പ്രായഭേദമില്ലാതെ മടിയേതുമില്ലാതെ
കൊറിയക്കാരെല്ലാരും കുളിക്കുന്നൊരുമിച്ച്.


തോര്‍ത്തഴിക്കുവാനൊട്ടും സമ്മതിക്കുന്നില്ലെന്റെ
യുള്ളിന്റെയുള്ളില്‍ നിന്നും മലയാളിയാം നാണം.
ഷവറിന്‍ കീഴേ തോര്‍ത്തു മുണ്ടുടുത്തു നില്‍ക്കുന്നോ-
രെന്നെനോക്കിക്കൊണ്ടപ്പോള്‍ കുട്ടികള്‍ കളിയാക്കീ.
നഗ്നനായ് മാറീടാതെ രക്ഷയില്ലെന്നും ചൊന്ന്
ചുറ്റിലുംചിരിച്ചാര്‍ക്കുന്നുണ്ട് കൊറിയന്‍ നാണം

നാണത്തില്‍ നിന്നും രക്ഷപ്പെടുവാനുടന്‍ തന്നെ
തുണിയും കളഞ്ഞ് ഞാന്‍ കുളിക്കാനാരംഭിച്ചു.

Monday, April 20, 2009

ലോഹിതനും ശശിയും രാമചന്ദ്രനും

ഗുരുകുലത്തിലെ ഈ പോസ്റ്റിനിട്ട കമന്റ്:) [വൃത്തം: കുസുമമഞ്ജരി]

ബാലലീലകളിലേര്‍പ്പെടും വശപിശയ്ക്കു നല്ലൊരുമിടുക്കനാം
നീലലോഹിതനു ശേഷിയില്ലിഹ! പരാജയപ്രകൃതി! വാസ്തവം.
താമരക്കു ശശിയോടു കാമമതു തോന്നിയെങ്കിലുമിലക്ഷനില്‍
രാമചന്ദ്രനെ മറിച്ചിടാന്‍ കഴിയുകില്ലയെന്നതൊരു വസ്തുത.

തെരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഒരു തിരുത്ത്:
(താമരക്കു ശശിയോടു കാമമതു തോന്നിയെന്നതൊരു കാരണം
രാമചന്ദ്രനെ മറിച്ചിടാന്‍ തുണയതായതെന്നതൊരു വാസ്തവം) :)

Saturday, March 21, 2009

വിഷയ ദാരിദ്ര്യം,ശ്ലോകരോഗം തുടങ്ങിയവയുടെ അസ്കിതകള്‍

കവിതാ ദാരിദ്ര്യം കലശലായപ്പോള്‍ ശ്ലോകക്കമന്റുകള്‍ തപ്പുന്ന ഒരു ഭയങ്കരമായ അസുഖത്തിനടിപ്പെട്ടു. ഗുരുകുലം,ശേഷം ചിന്ത്യം,നെല്ലിക്ക എന്നീ ബ്ലോഗുകളില്‍ പലപ്പോഴായി എഴുതിയ വൃത്തക്കമന്റുകള്‍ തപ്പിയപ്പോള്‍ വസന്തതിലകം,വിയോഗിനി,സ്രഗ്ദ്ധര,പഞ്ചചാമരം,ഭുജംഗപ്രയാതം,കുസുമമഞ്ജരി,ഉപേന്ദ്രവജ്ര,ശാര്‍ദ്ദൂ‍ല വിക്രീഡിതം എന്നിങ്ങനെയുള്ള സംസ്കൃത വൃത്തങ്ങളില്‍ ശ്ലോ‍കങ്ങള്‍ കണ്ടു..പോസ്റ്റാക്കിയില്ലെങ്കില്‍ ഈ രോഗം കോശങ്ങളെ കാര്‍ന്നുതിന്നേക്കുമെന്ന് ഭയന്ന് ഇതിവിടെ പോസ്റ്റട്ടെ:)
1) ഗുരുകുലത്തില്‍:

മയക്കത്തില്‍ എഴുതിയവ:

ദിഷ്ടം കഴിഞ്ഞു ധര നൂതനമായിടട്ടെ
നഷ്ടപ്പെടട്ടെ തിലകങ്ങള്‍ വസന്തമൊക്കെ
സ്പഷ്ടം മയക്കമിതു നല്ലൊരു പദ്യമാഹാ!
ഇഷ്ടപ്പെടുന്നു കുലനാഥനു മംഗളങ്ങള്‍..:) (വൃത്തം: വസന്തതിലകം)


കലവും കുലവും മറിഞ്ഞഹോ
കലയില്‍ പുംഗവനാമുമേശനും!
നിലയില്ല ചുരുക്കമൊന്നിനും
ഉലകില്‍,കൂടുതലെന്തു ചൊല്ലുവാന്‍!! (വൃത്തം:വിയോഗിനി)


നോക്കേണം വാക്കു നന്നായ്,വരികള്‍ മുഴുവനും വായ്ക്കണം സൂക്ഷ്മമായി
വക്കാണത്തിന്നു പല്ലും പുനരിഹ നഖവും കൊണ്ടു പോരുന്ന നേരം.
ഇക്കാണും പോസ്റ്റുകള്‍തന്‍ തിരകളലയടിക്കുന്നതാം ബ്ലോഗ്ഗുനാമം
ഓര്‍ക്കൂ;ഞാന്‍ ചൊന്നതാഹാ!ഗുരു‘കുലമിതു തന്‍ നാഥ’നെ,ന്നെന്തു ഹിന്ദി? (വൃത്തം:സ്രഗ്ദ്ധര)


തുലോംകുറഞ്ഞ സൈസിലുള്ള ഫോണ്ടു തന്നെയാണഹോ
വിലക്കമായിനിന്നതെന്റെ വാക്കുകള്‍ ഗ്രഹിക്കുവാന്‍
കുലം കലം തിരിഞ്ഞതിന്റെ കാരണം മനസ്സിലായ്
കുലത്തിലേ ഗുരുക്കളേ പിണക്കമില്ലയേതുമേ…:) (വൃത്തം:പഞ്ചചാമരം)


മധുരാജ,മനസ്സിനുള്ളിലെ
മധുപം മൂളിന ഗാനഖണ്ഡമീ
വിധമിങ്ങെഴുതുന്നു,നേരമി-
ല്ലധികം ചില്ലിനെനോക്കിനില്‍ക്കുവാന്‍:) (വൃത്തം:വിയോഗിനി)

-----------------------------------------------------

ഗുരുകുലത്തിലെ സമസ്യാപൂരണം. തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ? (വൃത്തം: വസന്തതിലകം)

ഉദ്ദണ്ഡനെപ്രതിയനേകമുരച്ചുവെന്നാ-
ലുദ്ദേശ്യശുദ്ധിയുളവാകുമവന്റെയുള്ളില്‍
എന്നുള്ളചിന്തയതു വേണ്ടയിതിന്നു ചുട്ട
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?


നല്ലോരു രാജ്യപതിയായ മഹാബലിക്ക്
പാതാളമേകിയൊരു വാമനനേയുമമ്പോ
സുല്‍ത്താനെയും പുകള്‍ കയറ്റിയ വര്‍മ്മ മാഷേ
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?


ഇല്ലാത്ത വൃത്തമഹ! നിര്‍മ്മിതമാക്കി വിണ്‍വാ-
ക്കോതുന്ന ദേവഗണനായകവീരനേയും
കണ്ണൂസുചേട്ടനെയുമോട്ടിവിടുന്നതിന്ന്
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?


സിദ്ധാര്‍ത്ഥനെന്നൊരു മനുഷ്യനരാഷ്ട്രവാദി
സിദ്ധാന്തമെന്തു പറയു, ന്നനുവാദമില്ലാ-
തേതെങ്കിലും‘ത’യതിരട്ടിയതായി വന്നാല്‍
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?


തല്ലേണ്ടയെന്നെ മമമാതുല,തല്ലിയാലും
നന്നാകുകില്ലയിവനെന്നുമൊഴിഞ്ഞിടുന്നോന്‍
ആരാകിലെന്തതു സനാതനനാകിലെന്ത്
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?


വൃത്തത്തിലാക്കുകിതുമൊത്തമിതും മൊഴിഞ്ഞു
ചുറ്റുന്നതിന്നിടയിലെന്നുടെ തത്വശാസ്ത്രം
തൊട്ടെങ്കിലക്കളികള്‍ തീക്കളിയാണ് മാഷേ
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?


കണ്ണൂസഹോ കഴിവുകൂടിയ കണ്ണുവെച്ചൂ
ഫ്യൂസങ്ങടിച്ചു സനാതന പുംഗവന്റെ
രണ്ടാളുമോടുകുടനങ്ങനെയല്ലയെങ്കില്‍
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?


സന്തോഷ് ഗുരോയിവിടെയുണ്ടിവനേകനായി
സന്താപമോടെ പശികൊണ്ടു വലഞ്ഞ്,കഞ്ഞി-
ക്കില്ലെങ്കിലുംരുചി,തരേണമെനിക്കതല്ലേല്‍
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?


(1)ചൊല്ലിക്കൊടുത്തു,ഗുണമില്ലിനി യെന്തുമാര്‍ഗ്ഗം?
(2)എല്ലാരുമൊത്തു തിരയേണ്ടൊരു കാര്യമെന്തേ?
(3)ഇല്ലെങ്കിലല്ലല്‍,ഇവിടം മഹനീയമാകും
(1)തല്ലാണു (2)നല്ലവഴി(3)യെന്നതു തീര്‍ച്ചയല്ലേ?(ക്രമാലങ്കാരമെങ്കില്‍ അത്)




[സൂ ഏച്ചിയെ വൃത്തത്തിലാക്കിയത്. :)]
വല്ലാതെയേറി പനി,യെന്‍ തലയോ കനത്തു
വയ്യാതെ വീട്ടുപണി ചെയ്തതു തീര്‍ത്തിടുന്നു
കിട്ടേണമിപ്പൊളൊരു സദ്യയിതോതുമോര്‍ക്ക്
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?

എത്തീ വിഷുപ്പുലരി,ഒത്തു വരും പിറന്നാള്‍
കൈവന്നു സാലറിയതും കുറടാക്സിനാ‍ലേ
എന്നാലുമേകുകൊരു സാരിയിതോതുമോള്‍ക്ക്
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?

ഷാരൂഖുചിത്രമതു വന്നു,തിരക്ക് കേമം
ടിക്കറ്റു വില്‍ക്കുവതു കാണുവതുണ്ട് ബ്ലാക്കില്‍
എന്നിട്ടുമോടിയുടനങ്ങു തിരക്കുമോര്‍ക്ക്
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ
------------------- -------------------------------------------

2) ശേഷം ചിന്ത്യത്തില്‍

ചായയുടെ പാചകക്രമം:
ഇച്ഛയോടതുകുടിച്ചു നേരവുമതിക്രമിച്ചു പുനരുച്ചയായ്
കാണ്മതില്ലിതുവരേക്കുമൂണു റെഡിയായതില്ലയൊ സഹോദരാ?:)

ഇല്ലയെങ്കിലൊരു ചെമ്പിലല്‍പ്പമെടു പച്ചരീ,യിനിയൊഴിക്കുക
പച്ചവെള്ളമളവിച്ഛപോല്‍ ത്തിളവരുമ്പൊളെന്നെയറിയിക്കുക:) (വൃത്തം: കുസുമ മഞ്ജരി)


വരും വരാതിരിക്കുമോ:
വരും; വരുന്ന സീരിയല്‍,പരാക്രമങ്ങളൊക്കെയും
ഇരുന്നിരുന്നു കാണ്‍കയാലിരുട്ടു, രണ്ടു കണ്ണിലും.
വരില്ലൊരിക്കലും വരാന്‍ കൊതിച്ച രമ്യരാഗവും
ഹരം മനസ്സിനേകുമാരവങ്ങളും സഹോദരാ.. (വൃത്തം:പഞ്ചചാമരം)
:))

പ്രണയ ദിനം:
അഖണ്ഡമായ് വരുന്നതാമുയര്‍ച്ചതാഴ്ചയില്‍,വരും
സുഖത്തിലും കഠോരമായൊരാതപത്തിലും വരെ
സഹിച്ചതാണു നല്ലവണ്ണമെന്റെ രാഗഭാജനം
സഖേ,വരൂ സഖേയടുത്തു പ്രേമഘോഷമാര്‍ക്കുവാന്‍

-----------------------------------------------------
3) നെല്ലിക്കയില്‍

വാമന മൂര്‍ത്തിക്ക്:

“ചതിക്കാം,ചതിക്കാം, മഹത്താം കുലത്തില്‍
ജനിച്ചെന്നുതോന്നുന്നവന്മാരുപോലും-
ബലിയ്ക്കീ നിജത്തെദ്ധരിപ്പിച്ചു മോക്ഷം
കൊടുക്കാനടുക്കും ഹരിക്കായ്‌ നമിക്കാം”(വൃത്തം: ഭുജംഗ പ്രയാതം)


ചണ്ഡാല ഫെമിനിസ്റ്റില്‍:
ക്ഷമിക്കണം ഹാ സുമുഖന്‍ ഭവാനെ
നിരാശനാക്കേണ്ടതില്‍ ഖേദമുണ്ട്
സഹിക്കുവാന്‍ പറ്റുകയില്ല തന്റെ
നിറഞ്ഞൊരൌദ്ധത്യമെഴും സ്വഭാവം (വൃത്തം: ഉപേന്ദ്രവജ്ര)


പെണ്ണാണിന്‍ പലയാഗ്രഹങ്ങള്‍ നിറവേറ്റാനുള്ളതാം യന്ത്രമാ-
ണെന്നാളും മുതലായ ധാരണയെഴും ആണ്‍കോയ്മയാം സംഗതി
അല്ലെങ്കില്‍ ദളിതര്‍ സവര്‍ണ്ണരവര്‍ ത,ന്നാജ്ഞാനുവര്‍ത്തീഗണം
ആണെന്നുള്ളൊരു ധാരണാഘടകവും ആകാം തനിക്കുള്ളിലായ് (വൃത്തം: ശാര്‍ദ്ദൂല വിക്രീഡിതം)

ഇതൊക്കെയാണു കാര്യകാരണങ്ങളെന്നിരിക്കിലും
മനസ്സിലില്ലെനിക്കു തോന്നല്‍ നീര്‍ പകര്‍ന്നു നല്‍കുവാന്‍
തനിക്കുവേണമെങ്കിലുണ്ടു പാള പാശമൊക്കെയീ
കിണറ്റില്‍ നിന്നുവെള്ളമങ്ങെടുത്തു ദാഹമാറ്റുക!(വൃത്തം: പഞ്ചചാമരം)

Monday, February 16, 2009

അയ്യേ...

ചെറുപഴശ്ശി എ.എല്‍.പി സ്കൂളില്‍ പഠിക്കുമ്പോള്‍
ഓഫീസ് റൂമിന്റെ ജനലില്‍
ചേടിമണ്ണുകൊണ്ട്
‘കുട്ടിരാമന്‍ പിട്ടയിട്ടു’
പിട്ടതട്ടി തോട്ടിലിട്ടു’ എന്ന്
വെറുതേ എഴുതിവെച്ചിരുന്നു ഞാന്‍.

കുട്ടിരാമന്‍ എന്നുപേരുള്ള
ഒരാളെ മാത്രമേ
എനിക്കറിയുമായിരുന്നുള്ളൂ.
പറഞ്ഞുവരുമ്പോള്‍ ഒരു വെല്ല്യച്ചനായി വരും.
അയാളുമായി
പറയത്തക്ക സ്നേഹമോ വെറുപ്പോ
ഒന്നും ഇല്ലായിരുന്നെങ്കിലും
വെറുതേ വെറുതേയങ്ങനെ എഴുതി വെച്ചു.
ആരാണിതെഴുതിയതെന്ന് ഞാന്‍ തന്നെ
കൂട്ടുകാരോട് ചോദിച്ചു.
പലരും പലരോടും ചോദിച്ചു.
നല്ല തമാശ തന്നെ, അല്ലേ എന്ന്
ഉറപ്പുവരുത്തി.

ഉസ്കൂളിന്റെ പണിക്കായി കിട്ടുന്ന ഗ്രാന്റ്
ദിനേശ് ബീഡി വാങ്ങാമ്പോലും തെകയൂല്ലെന്ന്
മാനേജര്‍ ബാലേട്ടന്‍ പറഞ്ഞിരുന്നതു കാരണം
വളരെക്കാലം
ഓഫീസ് റൂമിന്റെ ജനലില്‍
‘കുട്ടിരാമന്‍ പിട്ടയിട്ടു’.
ഇത് എയ്തിയത്
ഏത് നായീന്റെ മോന്റെ മോനാടാ എന്ന്
ബാലേട്ടന്‍ വല്ലപ്പോഴും അലറുമായിരുന്നെങ്കിലും
ചേടി മണ്ണ്
അതിനെയെല്ലാം അതിജീവിച്ചു.

ബാലേട്ടന്റെ ഒച്ച ഭയങ്കരമായിരുന്നു.
കുട്ടികള്‍ക്കെല്ലാം പേടിയായിരുന്നു.
ആറ്റംബോംബിന്റെ ഒച്ച
ഇതുപോലെയായിരിക്കുമെന്ന്
ഞങ്ങള്‍ കരുതിയിരുന്നു.
പിന്നീട്
ബാലേട്ടന്റെ ഒച്ചയെ മുഴുവന്‍
ഒരു തെളിവു പോലുമവശേഷിപ്പിക്കാതെ
തൊണ്ടയിലെ സൂക്കേട് മായ്ച്ചുകളഞ്ഞെങ്കിലും
ഓഫീസ് റൂമിന്റെ ജനലില്‍
കുട്ടിരാമന്‍ പിട്ടയിട്ടു

മാനേജര്‍ മാറിയപ്പോള്‍
ഓഫീസ് റൂം പുതുക്കിപ്പണിതു.
പുതിയ ജനലു വെച്ചു.
പഴയ ജനലു കീറി മുറിച്ചു
കുട്ടിരാമന്‍ പിട്ടയിട്ടു ആദ്യവും
പിട്ടതട്ടി തോട്ടിലിട്ടു രണ്ടാമതും
കൃത്യമായിത്തന്നെ അടുപ്പില്‍ മൂട്ടി,
ആ ഉസ്കൂളില്‍ കഞ്ഞിവെപ്പുകാരിയായ
എന്റെ അമ്മ
കഞ്ഞിയും പുഴുക്കും വെച്ചു.

ഞാന്‍ ഇപ്പോള്‍
ഒരുഗ്രന്‍ കവിയായി.
പുസ്തകമുടനെയിറക്കും.
അവാര്‍ഡ് കിട്ടും.
വേദിയില്‍ വെച്ച്
ഞാന്‍ ജീവിതത്തില്‍ ആദ്യമായി
‘കുട്ടിരാമന്‍ പിട്ടയിട്ടു’ എന്ന
ആദ്യകവിതയുടെ പിതൃത്വം
ഏറ്റെടുക്കും.
നായീന്റെ മോന്റെ മോനെന്നു പറയിപ്പിച്ച
അതേവരികള്‍
ജനങ്ങളെ കയ്യടിപ്പിക്കും.
അയ്യേ...

Wednesday, January 28, 2009

ലൈംഗികം

ജപ്പാന്‍കാരന്‍ കൊസുക്കെ കനേക്കോയുടെ
ആദ്യകാമുകിമാര്‍ ജപ്പാന്‍കാരികളും
പിന്നൊരെണ്ണം കൊറിയക്കാരിയും
ഇപ്പോളത്തെത് ചൈനക്കാരിയുമാണെന്ന്
കേട്ടയുടനെ
അവനെ ഞാന്‍
വീട്ടിലേക്ക് ക്ഷണിച്ചു.

ഞാനുണ്ടാക്കിയ സദ്യയും
വൈനും വിസ്കിയുമൊക്കെ കഴിച്ച്
താങ്ക്യൂ താങ്ക്യൂ എന്ന് പലവട്ടം പറഞ്ഞു.
യൂറോപ്യന്‍സെല്ലാം റേസിസ്റ്റുകളാണെന്ന് പറഞ്ഞു.
ഫ്രാന്‍സില്‍ വന്ന് കൊല്ലം രണ്ടായെങ്കിലും
ഇന്നാണൊരുത്തന്‍ വിളിച്ച്
സല്‍ക്കരിക്കുന്നതെന്ന് ഇംഗ്ലീഷില്‍ പറഞ്ഞ്
ജപ്പാനീസില്‍ കരഞ്ഞു.
യൂറോപ്യന്‍സെല്ലാം മലകളെപ്പോല്‍ മടിയരാ‍ണെന്നും
ഇവിടത്തെ ഏതെങ്കിലും ലബോറട്ടറിയില്‍
രാത്രി 7നു ശേഷം ലൈറ്റ് കണ്ടാല്‍
അവിടെയുള്ളത്
ഏഷ്യക്കാരനാണെന്നുറപ്പിക്കാമെന്നും പറഞ്ഞു.

രാത്രി ഏറെവൈകി
അവന്‍ പോയപ്പോള്‍
അവന്റെ കാമുകിമാരെപ്പറ്റി
ചോദിക്കാന്‍ മറന്നുപോയതോര്‍ത്ത് ഞാന്‍
നിരാശപ്പെട്ടു.
വീ‍ടിന്റെ ജനലിലൂടെ നോക്കിയപ്പോള്‍
അടുത്തുള്ള ലബോറട്ടറിയിലെ
ഒരു മുറിയില്‍ ലൈറ്റ് കണ്ടു.
അവിടെ ചിലപ്പോളുള്ളത്
ഒരിന്ത്യക്കാരനാവാം.
ആണവശാസ്ത്രജ്ഞനാവാം.
അവന്റെ ഒരു ചെറിയ പണിയില്‍
ലോകം നാളെ തലകുത്തിനില്‍ക്കാം!.

എങ്കിലും
അവനിപ്പോള്‍ കണ്ടുകൊണ്ടിരിക്കാന്‍ സാദ്ധ്യതയുള്ള
കമ്പിപ്പടമോര്‍ത്ത്
ഞാന്‍
കുളിമുറിയിലേക്ക് നടന്നു.

Thursday, January 22, 2009

പ്രചരണം

ഫ്രാന്സിലെത്തിയ ദിവസം തന്നെ
ഞാന്‍, സൂപ്പര്‍മാര്‍ക്കറ്റും
കൂടെവന്ന
കൊറിയക്കാരി ജിന്‍സുന്‍പാര്‍ക്ക്
പ്രൊട്ടസ്റ്റന്റുപള്ളിയും അന്വേഷിച്ചു.
ഞാന്‍ വെച്ച സാമ്പാര്‍ കൂട്ടി
ചോറുതിന്ന ജിന്‍സുന്‍ പാര്‍ക്ക്
സൂപ്പര്‍ സൂപ്പര്‍ എന്നു പറയുകയും
എന്റെ കറിയുടെ മേന്മ പ്രചരിപ്പിക്കുമെന്ന്
പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഞാനേറെ സന്തോഷിച്ചു.
ഞങ്ങളുടെ വീട്ടിനടുത്തെ
പള്ളിയില്‍ വെച്ചു കണ്ട
ഒരു കൊറിയന്‍ സുന്ദരിയെ
ജിന്‍സുന്‍ പാര്‍ക്ക്
വീട്ടിലേക്ക് ക്ഷണിച്ചു.
ഞാനവള്‍ക്ക് സന്തോഷത്തോടെ
സാമ്പാറും ചോറും വെച്ചു കൊടുത്തു.
സുന്ദരി ഏമ്പക്കമിട്ടതിന്റെ രാത്രി
ഞാന്‍ പലപല
ലൈംഗിക സ്വപ്നങ്ങളും കണ്ടു.
'ഇന്തോ ചിങ്കുവിന്റെ കറികൂട്ടി
ചോറു തിന്നാം, വാ' എന്ന
ജിന്‍സുന്‍പാര്‍ക്കിന്റെ ക്ഷണം സ്വീകരിച്ച്
ആ പള്ളിയിലും
അടുത്ത പള്ളികളിലുമുള്ള
കൊറിയക്കാരോരോന്നായി
വീട്ടില്‍ വരാന്‍ തുടങ്ങി.
പിതാവും പുത്രനും പരിശുദ്ധാത്മാവും
എന്റെ ചെവിക്കും ചോറിനും കറിക്കുമായി
കാത്തുകാത്തിരുന്നു.

ഇപ്പോള്‍ ഞാന്‍
രസകരമായ ഒരു കഥ വായിക്കുകയാണെന്നുകരുതുക.
അത് ബൈബിളിലേതാണെന്ന്
ആരെങ്കിലും പറഞ്ഞാല്‍
ഉടനെ ഞാന്‍
പുസ്തകം വലിച്ചെറിയും.
അരി അരച്ചത് അമ്മീലല്ലെന്ന്
ആരെങ്കിലുംപറഞ്ഞാല്‍
അമ്മമ്മ
ദോശ വലിച്ചെറിയുന്നതൊക്കെ
എത്രയോ ഭേദമെന്ന് തോന്നുന്ന മാതിരി.

Tuesday, January 20, 2009

ട്രാമില്‍

രാവിലെ,തണുപ്പത്ത്,സ്ട്രാസ്ബര്‍ഗില്‍ ഞാന്‍
പോവുകയാണ് യൂനിവേഴ്സിറ്റിയില്‍

ട്രാമില്‍ ഞാനിരിക്കുന്ന മുറിയിലായ്
ഉമ്മവെയ്ക്കുന്നുറക്കെ കമിതാക്കള്‍ ‍.
ഏറെയുച്ചത്തിലാണൊച്ചയെങ്കിലും
വേറെയാരുമതു ശ്രദ്ധിക്കുന്നില്ല.
(എത്രപേര്‍ കളിയാക്കിടും,ഭാര്യയും
ഭര്‍ത്താവും,നാട്ടില്‍ തൊട്ടുനടന്നെങ്കില്‍ ‍!)
തെല്ലുനേരമതും നോക്കിനിന്നിട്ട്
മെല്ലെയെന്‍ കണ്ണടച്ചുപിടിച്ചുഞാന്‍.
എന്റെ നാട്ടിലും കേട്ടതാണീയുമ്മ-
തന്റെയൊച്ചപോലെന്തോ,അതെന്താണ്?
ഗൂഢഗൂഢം ഞാന്‍ ചിന്തയിലാഴുന്നു
ഗാഢഗാഢമവരുമ്മ വെയ്ക്കുന്നു.
ബസ്സിലോ,വഴിവക്കിലോ, ഈ ഫ്രഞ്ചു-
കിസ്സുപോലുള്ള ശബ്ദം ഞാന്‍ കേട്ടത്?
...................
കണ്ണേട്ടന്‍,പല്ലിലെല്ലുകുടുങ്ങുമ്പോള്‍
കണ്ണുരുട്ടിക്കൊണ്ടുണ്ടാക്കുമീയൊച്ച.
അണ്ണാരക്കണ്ണന്‍,പക്ഷികള്‍,(മിണ്ടേണ്ട,
കിന്നാരത്തുമ്പി,സംഗീതാ ടാക്കീസ്)...

കണ്ടെത്തലിത്രയാകുമ്പോള്‍ ട്രാമെന്നെ
കൊണ്ടെത്തിക്കുന്നിറങ്ങേണ്ട സ്റ്റേഷനില്‍ ...

Wednesday, January 14, 2009

പത്തായം

വലിയ മോഹമായിരുന്നെനിക്കന്ന്
വിലവരും പേന്റൊന്നിടണമെന്നത്

പറയുമ്പോലല്ലിതിടുന്നോന്‍ പത്തായ
പ്പുറത്തുകേറീട്ട് നിവര്‍ന്നുനില്‍ക്കണം
ഒരാളു പേന്റിന്റെയിരുകുഴികളും
ശരിയാക്കിത്താഴെ പിടിച്ചുനില്‍ക്കണം
കുഴികളില്‍ കാലുകയറുംപാകത്തില്‍
പിഴവുപറ്റാതെയെടുത്തുചാടണം.

പറഞ്ഞിട്ടെന്തിനാണെവിടെ പത്തായം!
പറഞ്ഞിട്ടുള്ളതീ മുഷിഞ്ഞ നിക്കറ്.

(വളരെവൈകിയാണെനിക്കു പത്തായം-
പൊളിച്ചോരെപ്പറ്റി മതിപ്പു വന്നത്.)